2018, ഡിസംബർ 13, വ്യാഴാഴ്‌ച

ബൂമറാങ്ങ്

എന്റെ അനുഭവത്തിൽ നിന്നും പറയുന്നത് ആണ് ! ബോസ്സ് മാരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം . പ്രത്യേഗിച്ച് വിടുവായത്തം പറയുമ്പോൾ ! :)

ഒരിക്കൽ ഞാൻ  ബോസ്സിനോട് സംസാരിക്കുക ആയിരുന്നു . അബു ദാബിയിലെ ഞങ്ങളുടെ ഓഫീസിൽ ബയിസ്മെന്റിൽ ഒരു കോഫീ ബാർ ഉണ്ടായിരുന്നു . അവിടുത്തെ വലിയ സ്ടൂളുകളിൽ കയറിയിരുന്നു കാപ്പി കുടിച്ചു കൊണ്ടാണ് 'വർത്താനം' !

ബോസ്സ് അദ്ധേഹത്തിന്റെ പഴയ ജോലികളിലെ പരാക്രമങ്ങൾ പറഞ്ഞു കൊണ്ടിരുന്നപ്പോൾ  ഒരു സന്ദർഭത്തിൽ ഞാൻ പറഞ്ഞു " ബോസ്സ് , നാളെ എന്നെ ചൈനയിലെ ഏതെങ്കിലും വിദൂര ഗ്രാമത്തിലേക്ക് സ്ഥലം മാറ്റിയാലും അടുത്ത ദിവസം സാധാരണത്തെ പോലെ ജോലി തുടങ്ങാൻ എനിക്ക് ബുദ്ധി മുട്ട് ഉണ്ടാവില്ല കാരണം ഈ വർഷങ്ങളിൽ ഒക്കെ തന്നെ ഞാൻ വിവിധ ദേശങ്ങളിൽ , സംസ്കാരങ്ങളിൽ , ഭാഷകൾ സംസാരിക്കുന്ന ആളുകൾക്ക് ഇടയില ആണ് ജോലി ചെയ്തിട്ടുള്ളത് , കൂടുതലും 'ഓണ്‍ ദി സ്ട്രീറ്റ് ' എക്സ്പീരിയൻസ് ആണ് "  ( ഇംഗ്ലീഷ് ഇൽ ആണ് കാച്ചിയത് ;) ) ! ബോസ്സ് തലയാട്ടികൊണ്ട് കേട്ടിരുന്നു !

മാസങ്ങൾ കഴിഞ്ഞു ! ഒരു ദിവസം ഞാൻ ഒരു മീറ്റിംഗിൽ ആയിരുന്നു . ബോസ്സിന്റെ കാൾ വന്നു ! "Where  are you " ? ..സയിൽസിൽ ജോലി ചെയ്യുന്നവർ വെറുക്കുന്ന ഒരു ചോദ്യം ആണ് അത് ! ഞാൻ പറഞു "ഒരു മീറ്റിംഗിൽ ആണ് "  ബോസ്സ് പറഞ്ഞു " ok come to office " ...ഞാൻ ഒന്ന് കൂടി പറഞ്ഞു നോക്കി " ബോസ്സ് , ഞാൻ ഒരു മീറ്റിങ്ങിനു ഇടയിൽ ആണ് " !

" ഓക്കേ , മനസ്സിലായി ! മീറ്റിംഗ് പെട്ടെന്ന് തീർത്തു ഓഫീസിലേക്ക് വരിക , ആൻഡ്‌ മീറ്റ്‌ മി " !

എന്റെ "ഹ്യുണ്ടായ് ആക്സന്റ് " കാർ ഓടിച്ചു തിരിച്ചു പോരുമ്പോൾ ഒരു പന്തിയില്ലായ്മ ! ഞാൻ കാറിൽ ഇരുന്നു പതിവ് പോലെ സംസാരിച്ചു തുടങ്ങി " എന്തായിരിക്കും ? പണി പോയോ ? "  എല്ലാ അശുഭ ചിന്തകളും ഒന്നിച്ചു വരാൻ തുടങ്ങി !

ടാർഗറ്റ് ഒക്കെ അച്ചീവ് ചെയ്തിട്ടുണ്ട് ! ആരുമായും സീരിയസ് ആയ പ്രശ്നങ്ങൾ ഒന്നും നിലവിൽ ഇല്ല ! പുതിയ ഏതെങ്കിലും കസ്റ്റമർ മാർ കമ്പ്ലൈന്റ് കാച്ചിയിരിക്കുമോ ? ഒരു പൈലറ്റ്‌ ചീത്ത പറഞ്ഞു ആണ് രണ്ടൂസം മുമ്പ് ഇറങ്ങി പോയത് !  അല്ലെങ്കിലും പണി പോകാൻ അത്ര വലിയ കാരണങ്ങൾ ഒന്നും വേണ്ട !   തക്കാളി ഇട്ട ഷവർമ മാറി കിട്ടിയതിനു അത് കൊണ്ട് ഒരു ഏറും കൊടുത്തു പണിയിൽ നിന്നും സെക്രട്ടറിയെ പിരിച്ചു വിട്ട ആൾ ആണ് ചെയർമാൻ ! ഒരു ഷവർമ പോലും കൃത്യം "specification " ഇൽ ഓർഡർ ചെയ്തു വരുത്താൻ കഴിയാത്തവർ എങ്ങനെ ഒരു കമ്പനിയുടെ കാര്യങ്ങൾ നോക്കും ? ഇതാണ്  ആ "logic " ! അപ്പോൾ പിന്നെ നമ്മുടെ പണിക്കു വലിയ guarantee  ഒന്നും ഇല്ല ! അങ്ങനെ പോയി ചിന്തകള് !

ഓഫീസിൽ എത്തി നേരെ ബോസ്സിന്റെ കാബിനിൽ ചെന്നു. ബോസ്സ് ഒരു കടലാസ് എടുത്തു തന്നു . എന്നിട്ട് പറഞ്ഞു , "നാളെ ഒമ്പത് മണി . റിപ്പോർട്ട്‌ അറ്റ്‌ ദുബൈ ഓഫീസ് " !!

ചെറിയ ഒരു പ്രമോഷൻ , സ്ഥലം മാറ്റവും . ദുബായിയിൽ തുടങ്ങിയ പുതിയ ബ്രാഞ്ചിലേക്ക്  !!

ഞാൻ ഇരുന്നു വിക്കി ! അബുധാബിയിൽ "എസ്ടബ്ലിഷ് " ചെയ്തിരുന്നത് കൊണ്ട് എനിക്ക് പോകാൻ താല്പര്യം കുറവ് ! ഞാൻ പറഞ്ഞു ! " ബോസ്സ് , നിങ്ങള്ക്ക് അറിയാം , ഫാമിലി ഇവിടെ ഉണ്ട് ! ഫ്ലാറ്റ് ഉണ്ട് ..അതുണ്ട് ഇതുണ്ട് .. "

അപ്പോളാണ് ബോസ്സ് ആ ബോംബു പൊട്ടിച്ചത് !

" നീയല്ലേ പറഞ്ഞത് ചൈനയിലേക്ക് സ്ഥലം മാറ്റിയാലും അടുത്ത ദിവസം ജോലി തുടങ്ങാൻ പ്രയാസം ഉണ്ടാവില്ല എന്ന് ?? ഇന്ന് ഇനി ഓഫീസിൽ ഇരിക്കണ്ട വീട്ടിലേക്കു പൊയ്ക്കോളൂ , രണ്ടാഴ്ച ദുബായിയിൽ പോയി വരാൻ ഉള്ള ടി എ ഞാൻ approve ചെയ്യാം അതിനുള്ളിൽ ഒരു സ്ഥലം കണ്ടു പിടിച്ചോളൂ " !

ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല !  :)

ഗൾഫിൽ നാടോടി കഥകൾ ഉണ്ടാകുന്നത് ....

ഗൾഫിൽ ജീവിക്കുന്നവർ പല പ്രശ്നങ്ങളിലും പോയി പെടാർ ഉണ്ട്. അങ്ങനെ ഉള്ള ധാരാളം പേരെ ഇവിടെ ജീവിക്കുന്നവർക്കൊക്കെ അറിയുമായിരിക്കും ! പല ചെറിയ കാര്യങ്ങൾ പോലും കാട്ടുതീ പോലെ പരക്കും പലരും അത് ഒരു പാട് കാലം ഓർമ വെക്കും യാഥാർത്ഥ്യവുമായി അതിന് ബന്ധമൊന്നും ഉണ്ടാവണം എന്നും ഇല്ല!  :D

മഴ വളരെ അപൂർവ്വമായേ ഗൾഫിൽ പെയ്യാറുള്ളൂ . ഒരിക്കൽ അജ്മാനിൽ ഭീകര കാറ്റും മഴയും. രാത്രിയാണ്. ഞാൻ ഉറങ്ങുകയായിരുന്നു. വെള്ളം വീഴുന്ന ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കി. ഒന്നും കണ്ടില്ല. വീണ്ടും കിടന്ന് ഉറങ്ങി. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ റൂം നിറയെ വെള്ളം . പെട്ടെന്ന് ആണ് ഓർത്തത് എന്റ്റെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും ഉള്ള ചെറിയ ഷോൾഡർ ബാഗ് ജനലിനടിയിൽ ആണ് വച്ചിരുന്നത്. ചാടി എഴുനേറ്റ് അത് എടുത്തു. ബാഗ് വെള്ളത്തിൽ കുതിർന്നിരിക്കുന്നു. ജനൽ പാളികൾക്ക് ഇടയിലൂടെയാണ് വെള്ളം ഉള്ളിലേക്ക് വന്നത്! ഭാഗ്യത്തിന് സർട്ടിഫിക്കറ്റുകൾ ഫയലിന് ഉള്ളിൽ ആണ് .നനഞ്ഞിട്ടില്ല ! പക്ഷെ പാസ്പോർട്ടിന്റെ ചില ഭാഗങ്ങൾ നനഞ്ഞിരിക്കുന്നു! ഫോട്ടോയിൽ അടിച്ചിട്ടുള്ള സീൽ നനഞ്ഞ് മഷി പരന്നിരിക്കുന്നു! എന്റെ പകുതി ജീവൻ പോയി ! എനിക്കാണെങ്കിൽ അടുത്ത ആഴ്ച നാട്ടിലേക്ക് പോകുകയും വേണം !

എന്റെ പരിഭ്രമം കണ്ട് ജോലിക്ക് പോകാൻ ഇറങ്ങിയ അടുത്ത മുറിക്കാരൻ കാര്യം  അന്വേഷിച്ചു !

" ഇനി പണിയായി .നിങ്ങൾക്ക് നാട്ടിൽ പോകാൻ പറ്റും എന്ന് തോന്നുന്നില്ല" എന്നും പറഞ്ഞ് മൂപ്പര് പോയി ! :D

ഞാൻ റെഡിയായി ഉടൻ ഇറങ്ങി. എംബസിയിൽ പോയി പുതിയ പാസ്പോർട്ടിന് കൊടുത്തിട്ട് തന്നെ കാര്യം :D .അടുത്ത ഹോട്ടലിൽ കയറി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ. ആ ഹോട്ടൽ ഉടമ നാസർക്ക എന്നെ കണ്ടതും ചാടി എഴുന്നേറ്റ് ചോദിച്ചു !

"നാട്ടിൽ പോക്ക് കുളം ആയി ല്ലേ? ഇനി ഇപ്പോ പുതിയ പാസ്പോർട്ട് കിട്ടി വിസ അടിച്ച് പോവൽ പെട്ടെന്ന് നടക്കില്ല" !

ഓഫീസിലേക്ക് പോയ അയൽവാസി അവിടെ വാർത്ത കത്തിച്ചിരിക്കുന്നു.ഹോട്ടലിൽ ഇരിക്കുന്ന ഓരോരുത്തരും ഓരോ കമൻറുകളും പാമ്പുകടി കഥകൾ പോലെ ഓരോ കഥകളും പറഞ്ഞു കൊണ്ടിരുന്നു. :D ഞാൻ തലയാട്ടി എല്ലാം കേട്ട് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.

എംബസിയിൽ ചെന്ന് കാര്യം പറഞ്ഞു. ഒരു ഓഫീസർ പാസ്സ്പോർട്ട് വാങ്ങി സൂക്ഷ്മപരിശോധന നടത്തി വേറൊരാൾക്ക് കൊടുത്തു അയാൾ വേറൊരാൾക്ക് ഞാൻ ഇത് എങ്ങനെ പറ്റി എന്ന് വിശദീകരിച്ച് മടുത്തു! :D പക്ഷെ അവസാനത്തെ മല്ലു ഓഫീസർ കൂടുതൽ പ്രാക്ടിക്കൽ ആയ ഒരാൾ ! മൂപ്പര് പറഞ്ഞു " പുതിയ പാസ്പോർട്ട് സമയം എടുക്കും .പക്ഷെ ഇത് അത്ര പ്രശ്നം ഉണ്ടെന്ന് തോന്നുന്നില്ല .നിങ്ങൾക്ക് ട്രാവൽ ചെയ്യാം . ശ്രമിച്ച് നോക്കൂ. എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ അവിടെ നിന്ന് ഈ നമ്പറിൽ വിളിക്കൂ ഞാൻ സംസാരിച്ചോളാം " :D !

ഭാഗ്യത്തിന് ദുബായ് എയർപോർട്ടിലെഎ മിഗ്രേഷനിലെ ഓഫീസർക്കും എന്റെ വിശദീകരണം ബോധിച്ചു. പക്ഷെ തിരിച്ച് വരുമ്പോൾ പുതിയ പാസ്പോർട്ട് വേണം എന്ന് പറഞ്ഞു. കോഴിക്കോട് എയർപോർട്ടിലെ എമിഗ്രേഷൻ ഓഫീസറും അത് തന്നെ പറഞ്ഞു. തിരിച്ച് പോകുമ്പോൾ പുതിയ പാസ്പോർട്ട് വേണം.

മലപ്പുറം പാസ്പോർട്ട് ഓഫീസറുടെ മുമ്പിലെ ക്യൂവിൽ മുമ്പിൽ നിന്ന ആളുടെ ഭാര്യ പാസ്പോർട്ട് ഷർട്ടിന്റ കൂടെ വാഷിംഗ് മെഷീനിൽ ഇട്ട് തിരുമ്പിയതായിരുന്നു. :D അയാൾക്ക് Rs.2500 ഫൈൻ അടിച്ചു! പക്ഷെ എന്റെ കദന കഥ പാസ്പോർട്ട് ഓഫീസർ അവിശ്വസനീയ മുഖഭാവത്തോടെയാണ് കേട്ടതെങ്കിലും ഫൈൻ ചെയ്തില്ല :D വേഗം പാസ്പോർട്ട് കിട്ടി!

ഈ കഥ കഴിഞ്ഞ് ഒരു അഞ്ച് കൊല്ലമെങ്കിലും കഴിഞ്ഞ് ഞാൻ അജ്മാനിലെ ആ പഴയ ഹോട്ടലിൽ ചായ കുടിക്കാൻ കയറി. ഒരു പരിചയം പുതുക്കുകയും ചെയ്യാലോ ! എന്നെ കണ്ടതും നാസർക്ക  പറഞ്ഞു " ഇങ്ങളെവിടെയാണ് ഭായീ ? ഇങ്ങടെ കാര്യം ഇന്നലെ കൂടി പറഞ്ഞേ ഉള്ളൂ അപ്പറത്തെ ചെക്കന്റെ പാസ്പോർട്ട് കാണാണ്ടായപ്പോൾ " :D

അജ്മാനിൽ ഇപ്പോ ആരുടെ പാസ്പോർട്ട് പോയാലും കേടായാലും ഈ കഥ ഓർമിക്കപ്പെടുന്നു! ആ കഥ ക്ക് പല വകഭേദങ്ങൾ ഉണ്ടാകുന്നതും ! ആ പാസ്സ്പോർട്ട് നനച്ചവനെ പോലീസ് പിടിക്കുന്നതും , അയാൾ ആത്മഹത്യ ചെയ്തതും തുടങ്ങി ക്ലൈമാക്സുകൾ ഉണ്ടാകുന്നതും .ചോറ് കഴിക്കാൻ മടിക്കുന്ന കുട്ടികൾക്ക് അജ്മാനിൽ അമ്മമാർ ആ കഥ പറഞ്ഞ് കൊടുക്കുന്നതും  ഞാൻ സ്വപ്നം കാണാറുണ്ട് :D :D :D

പകൽ സ്വപ്നം

പകൽ സ്വപ്നം കാണുന്ന സ്വഭാവം എവിടുന്ന് കിട്ടിയതാണെന്ന് ഞാൻ തന്നെ ചിലപ്പോൾ ആശ്ചര്യപ്പെടാറുണ്ട് ! ഇന്ന് ഓഫീസിൽ നിന്ന് വരുമ്പോൾ പെട്ടെന്ന് അതിവേഗം കാറോടിച്ച് വന്ന് ഒരു അറബി എന്റെ കാറിന്റെ തൊട്ട് പിന്നിൽ കൊണ്ട് വന്ന് ഫ്ലാഷ് അടിച്ചപ്പോൾ ഒരു ഞെട്ടലോടെ കാറ് ലൈൻ മാറ്റിക്കൊടുത്തു . സ്വതവേ പേടിത്തൊണ്ടനായ ഒരുവൻ പിന്നെ എന്ത് ചെയ്യാൻ! ആ സമയം തൊട്ട് ഞാൻ സ്വപ്നം കാണാൻ തുടങ്ങി  അവന്റെ പിന്നാലെ പറന്ന് ഒരു കാർ സ്റ്റണ്ട് ചെയ്യുന്നു. അവന്റെ കാറിന്റെ തൊട്ട് പിന്നിൽ കൊണ്ട് ചെന്ന് ഫ്ലാഷ് അടിക്കുന്നു പിന്നെ വെട്ടിച്ച് മുമ്പിൽക്കയറി സഡൻ ബ്രേക്ക് ഇടുന്നു. കാർ ചെരിച്ച് രണ്ട് ചക്രങ്ങളിൽ ഓടിച്ച് അവന്റെ കാറിനെ വലം ചുറ്റുന്നു.അതോടെ പോടിച്ചരണ്ട് അറബി പുറത്തിറങ്ങി പറയുന്നു മാലിഷ്... മാലിഷ് ! :D

ഫ്ലാഷ്ബാക്ക് !

ഒരു പത്തു വയസ്സുകാരൻ  മെല്ലിച്ചചെക്കനും ആയി അവന്റെ ഉമ്മ ഒരു പാലക്കാടൻ വിദൂര ഗ്രാമത്തിൽ നിന്നും ബസ്സിൽ കയറി തൃശൂർക്ക് ഡോക്ടർമാരെ കാണാൻ പോകുന്നത് ഒരു  സ്ഥിരം കാഴ്ചയായിരുന്നു! ചെക്കൻ ഒരു അസുഖ കുട്ടിയായിരുന്നു. ഒന്ന് തുമ്മിയാൽ പാലക്കാടോ പറമ്പിക്കുളത്തോ ഡ്യൂട്ടിക്ക് പോയ പോലീസിനെ കാക്കാതെ ഉമ്മ കൊണ്ടോടും!  സ്വപ്നത്തിലെന്ന പോലെ കാറ്റ് തട്ടിയാൽ വിഴും പോലെ ചെക്കൻ ഉമ്മാടെ കൂടെ നടക്കും . തെരുവോരങ്ങളെ നോക്കി ,വാണിഭക്കാരെ നോക്കി ഇടക്ക് ഓരോ കരിമ്പനകൾ മാത്രം തല ഉയർത്തി നിന്നിരുന്ന കുന്നിൻ ചെരുവകളെ നോക്കി  ബി എം എസ് ബസ്സിന്റ തളുത്ത കമ്പികളിൽ കവിൾ മുട്ടിച്ച് പുറത്തേക്ക് നോക്കിയിരിക്കും ! അങ്ങനെ നോക്കി ഇരുന്ന് സ്വപ്നം കാണും . വിജനമായ ആ കുന്നിൻ ചരുവയിലൂടെ കുതിരകളിൽ കൊള്ളക്കാർ പാഞ്ഞ് വരും .ചമ്പൽ കൊള്ളക്കാരേപ്പോലെ .ശരീരത്തിൽ തിരകളുടെ ബെൽറ്റ് തൂക്കിയ കൊമ്പൻ മീശക്കാർ ബിം എം എസിനെ ആക്രമിക്കും .യാത്രക്കാർ ഒക്കെ കരയാൻ തുടങ്ങും .ഈ സമയം ആ ചെക്കൻ ബസിന്റെ കമ്പികളിൽ  തൂങ്ങി ആടി ആകൊള്ളക്കാരോട് പൊരുതും അവസാനം കൊള്ളക്കാർ പിൻതിരിഞ്ഞ് തോറ്റോടും ! എല്ലാവരും ആ ചെക്ക നോട് നന്ദി പറയും .

അപ്പോൾ ആ ചെക്കന്റെ ഉമ്മ വിളിക്കും " സ്വപ്നം കാണാണ്ട് ഇറങ് .നമ്മുടെ സ്റ്റോപ്പായി " ! :D

കാലം ഒരുപാട് കഴിഞ്ഞ്പോയിരിക്കുന്നു. പക്ഷെ യു എ ഇ ലെ ഹൈവേയിലൂടെ കാറോടിക്കുമ്പോൾ ആ ചെക്കൻ ഇപ്പോഴും സ്വപ്നങ്ങൾ കാണുന്നു !  :D