2018, ഡിസംബർ 13, വ്യാഴാഴ്‌ച

പകൽ സ്വപ്നം

പകൽ സ്വപ്നം കാണുന്ന സ്വഭാവം എവിടുന്ന് കിട്ടിയതാണെന്ന് ഞാൻ തന്നെ ചിലപ്പോൾ ആശ്ചര്യപ്പെടാറുണ്ട് ! ഇന്ന് ഓഫീസിൽ നിന്ന് വരുമ്പോൾ പെട്ടെന്ന് അതിവേഗം കാറോടിച്ച് വന്ന് ഒരു അറബി എന്റെ കാറിന്റെ തൊട്ട് പിന്നിൽ കൊണ്ട് വന്ന് ഫ്ലാഷ് അടിച്ചപ്പോൾ ഒരു ഞെട്ടലോടെ കാറ് ലൈൻ മാറ്റിക്കൊടുത്തു . സ്വതവേ പേടിത്തൊണ്ടനായ ഒരുവൻ പിന്നെ എന്ത് ചെയ്യാൻ! ആ സമയം തൊട്ട് ഞാൻ സ്വപ്നം കാണാൻ തുടങ്ങി  അവന്റെ പിന്നാലെ പറന്ന് ഒരു കാർ സ്റ്റണ്ട് ചെയ്യുന്നു. അവന്റെ കാറിന്റെ തൊട്ട് പിന്നിൽ കൊണ്ട് ചെന്ന് ഫ്ലാഷ് അടിക്കുന്നു പിന്നെ വെട്ടിച്ച് മുമ്പിൽക്കയറി സഡൻ ബ്രേക്ക് ഇടുന്നു. കാർ ചെരിച്ച് രണ്ട് ചക്രങ്ങളിൽ ഓടിച്ച് അവന്റെ കാറിനെ വലം ചുറ്റുന്നു.അതോടെ പോടിച്ചരണ്ട് അറബി പുറത്തിറങ്ങി പറയുന്നു മാലിഷ്... മാലിഷ് ! :D

ഫ്ലാഷ്ബാക്ക് !

ഒരു പത്തു വയസ്സുകാരൻ  മെല്ലിച്ചചെക്കനും ആയി അവന്റെ ഉമ്മ ഒരു പാലക്കാടൻ വിദൂര ഗ്രാമത്തിൽ നിന്നും ബസ്സിൽ കയറി തൃശൂർക്ക് ഡോക്ടർമാരെ കാണാൻ പോകുന്നത് ഒരു  സ്ഥിരം കാഴ്ചയായിരുന്നു! ചെക്കൻ ഒരു അസുഖ കുട്ടിയായിരുന്നു. ഒന്ന് തുമ്മിയാൽ പാലക്കാടോ പറമ്പിക്കുളത്തോ ഡ്യൂട്ടിക്ക് പോയ പോലീസിനെ കാക്കാതെ ഉമ്മ കൊണ്ടോടും!  സ്വപ്നത്തിലെന്ന പോലെ കാറ്റ് തട്ടിയാൽ വിഴും പോലെ ചെക്കൻ ഉമ്മാടെ കൂടെ നടക്കും . തെരുവോരങ്ങളെ നോക്കി ,വാണിഭക്കാരെ നോക്കി ഇടക്ക് ഓരോ കരിമ്പനകൾ മാത്രം തല ഉയർത്തി നിന്നിരുന്ന കുന്നിൻ ചെരുവകളെ നോക്കി  ബി എം എസ് ബസ്സിന്റ തളുത്ത കമ്പികളിൽ കവിൾ മുട്ടിച്ച് പുറത്തേക്ക് നോക്കിയിരിക്കും ! അങ്ങനെ നോക്കി ഇരുന്ന് സ്വപ്നം കാണും . വിജനമായ ആ കുന്നിൻ ചരുവയിലൂടെ കുതിരകളിൽ കൊള്ളക്കാർ പാഞ്ഞ് വരും .ചമ്പൽ കൊള്ളക്കാരേപ്പോലെ .ശരീരത്തിൽ തിരകളുടെ ബെൽറ്റ് തൂക്കിയ കൊമ്പൻ മീശക്കാർ ബിം എം എസിനെ ആക്രമിക്കും .യാത്രക്കാർ ഒക്കെ കരയാൻ തുടങ്ങും .ഈ സമയം ആ ചെക്കൻ ബസിന്റെ കമ്പികളിൽ  തൂങ്ങി ആടി ആകൊള്ളക്കാരോട് പൊരുതും അവസാനം കൊള്ളക്കാർ പിൻതിരിഞ്ഞ് തോറ്റോടും ! എല്ലാവരും ആ ചെക്ക നോട് നന്ദി പറയും .

അപ്പോൾ ആ ചെക്കന്റെ ഉമ്മ വിളിക്കും " സ്വപ്നം കാണാണ്ട് ഇറങ് .നമ്മുടെ സ്റ്റോപ്പായി " ! :D

കാലം ഒരുപാട് കഴിഞ്ഞ്പോയിരിക്കുന്നു. പക്ഷെ യു എ ഇ ലെ ഹൈവേയിലൂടെ കാറോടിക്കുമ്പോൾ ആ ചെക്കൻ ഇപ്പോഴും സ്വപ്നങ്ങൾ കാണുന്നു !  :D

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

" if you and me agree on everything, one of us is not required "!!!!