പൂമ്പാറ്റ യെപോലെ പാറിനടന്ന ഒരു പെണ്‍കുട്ടി ! രാധിക എന്നായിരുന്നു അവളുടെ പേര്‍ . എന്റെ നാട്ടിലെ ആദ്യത്തെ ഗള്‍ഫ് വീട്ടിലെ പെണ്ണ് ! രാധികയുടെ ഏട്ടന്‍ സേതു എന്ന സേതു മാധവന്‍ കുടുംബത്തോടൊപ്പം ഷാര്‍ജയില്‍ ആയിരുന്നു . അയാള്‍ക്ക് മെത്തകള്‍ വില്കുന്ന ഒരു കടയുണ്ടായിരുന്നു ഷാര്‍ജയില്‍ .
ഞാന്‍ പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന കാലം. എന്റെ ഓര്‍മയിലെ രാധിക അന്നൊക്കെ വര്‍ണ ശബളമായ ഫാഷന്‍ വസ്ത്രങ്ങള്‍ ദാരിച്ചു നടന്നിരുന്ന സുന്ദരിയായ ഒരു ചേച്ചി യാണ് . എന്റെ എളാപ്പയും ആയി അവള്‍ക്കു നല്ല സൗഹൃദം ഉണ്ടായിരുന്നു . അവര്‍ പുസ്തകങ്ങള്‍ കൈമാറിയിരുന്നു .
എന്റെ നാട്ടിലെ ഏറ്റവും സമ്പന്നമായ വീട്ടിലെ പെണ്‍കുട്ടി . ആദ്യത്തെ വാര്പ് വീട് അവരുടെതായിരുന്നു . ശ്രീദേവി അമ്മക്ക് രണ്ടു മക്കളായിരുന്നു രാധികയും സേതു മാധവനും. സേതു വിന്റെ കുട്ടികള്‍ ഒറ്റയ്ക്ക് പ്ലെയിന്‍ കയറി നാട്ടില്‍ വരുന്നതും പോകുന്നതും ഞങ്ങള്‍ക്ക് അത്ഭുദം ആയിരുന്നു .നാട്ടില്‍ അത് സംസാര വിഷയം ആയിരുന്നു.
അന്നൊക്കെ നായര്‍ വീടുകളിലെ ചടങ്ങുകളില്‍ രാധിക ഒരു രാജ കുമാരിയെ പോലെ പരിഗണിക്കപെട്ടു . നായര്‍ പെണ്ണുങ്ങള്‍ക്ക് മാത്രമല്ല , നാട്ടിലെ എല്ലാ പെണ്ണുങ്ങള്‍ക്കും അവളോട് അസൂയ തോനിയിരികണം ! " രമണന്‍ എഫക്റ്റ് " പോലെ നാട്ടിലെ ചെരുപ്പകാരുടെ സ്വപ്നങ്ങളില്‍ ഈ വലിയ വീട്ടിലെ പെണ്ണ് " ചന്ദ്രിക" ആയിരുന്നിരികണം !
എനിക്ക് വിധി എന്ന് വിളിക്കാന്‍ ഇഷ്ടമല്ലാത്ത സംഭവങ്ങളാണ് രാധികയുടെ ജീവിതത്തില്‍ പിന്നീട് സംഭവിച്ചത് .
അമ്മാവന്റെ മകന്‍ അശോകനും ആയി രാധികയുടെ കല്യാണം കഴിഞ്ഞു . സേതു വിനു അശോകനെ ഇഷ്ടമല്ലായിരുന്നു . പക്ഷെ ശ്രീദേവി അമ്മ നിര്‍ബന്ധം പിടിച്ചു . അവര്‍ അവരുടെ ഏട്ടന് വാക്ക് കൊടുത്തിരുന്നത്രേ ! സേതു എതിര്‍ത്തിട്ടും കല്യാണം നടന്നു .
അശോകന്‍ മധ്യപാനി ആയിരുന്നു . കള്ളുകുടിച്ചാല്‍ അയാള്‍ അക്രമാസക്തന്‍ ആകും . വീട്ടിലും നാട്ടിലും അയാള്‍ തല്ലുണ്ടാകി .
സേതുവിന്റെ ഭാര്യക്ക് ഉണ്ടായിരുന്ന ചെറിയ മാനസിക രോഗം മൂത്ത മകനും കണ്ടു തുടങ്ങി .പെങ്ങളുടെ തകരുന്ന ജീവിതവും മകന്റെ രോഗവും അയാളെ തളര്‍ത്തി . സേതു ആത്മഹത്യ ചെയ്തു .ഷാര്‍ജയിലെ മെത്തകള്‍ നിറച്ച ഒരു മുറിയില്‍.
സോതുക്കല്‍ ഭാഗം വച്ചു . മിക്കതും വിറ്റു. അശോകന്‍ കുടിയും തല്ലും തുടര്‍ന്ന് . രാധിക രണ്ടു ചെറിയ പെണ്‍കുട്ടികളും വയസ്സായ അമ്മയും കുടിയനായ ഭര്‍ത്താവും ആയി നിത്യ വൃത്തിക്ക് ബുദ്ധി മുട്ടി . പഴയ ചുരുച്ചുരുക്കും സൌന്ദര്യവും അവരെ വിട്ടുപോയി ! അവള്‍ വിളര്‍ച്ച ബാധിച്ച എല്ലുന്തിയ ഒരു സ്ത്രീ ആയി മാറി !
ഞാന്‍ ജോലിക്കായി നാടു വിട്ടു പോരുമ്പോള്‍ ഇതായിരുന്നു രാധികയുടെ ജീവിതം !
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ എന്റെ ബൈക്കില്‍ ടൌണിലേക്ക് ഇറങ്ങിയതായിരുന്നു . രാധികയുടെ വീടിനു മുമ്പില്‍ വച്ചു ഒരാള്‍ ബൈകിനു കൈ കാട്ടി . ഞാന്‍ അയാളെ പെട്ടെന്ന് തിരിച്ചറിഞ്ഞു . " അശോകേട്ടന്‍ " രാധികയുടെ ഭര്‍ത്താവ് !
ഞാന്‍ കുറെ കാലമായി നാട്ടില്‍ ഇല്ലാതിരുന്നത് കൊണ്ട് അവരുടെ വിശേഷങ്ങള്‍ ഒന്നും അറിയുന്നുണ്ടായിരുന്നില്ല . എനിക്ക് ഉള്കണ്ടയായി . വഴിയില്‍ ഉടനീളം ഞാന്‍ അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു . മീന്‍കാരന്‍ മാനുക്ക യോട് വിശേഷങ്ങള്‍ ചോദിച്ചുകൊണ്ട് അശോകേട്ടന്‍ മീന്‍ വാങ്ങുന്നത് വരെ കാത്തു നിന്നു! എനിക്ക് ഈ ബ്ലോഗ് എഴുതണമായിരുന്നു !
രാധികക്കു കുറെ കാലമായി ജോലിയുണ്ട് .ബാലവാടി ടീച്ചര്‍ . രണ്ടു പെണ്‍കുട്ടികളെയും കല്യാണം കഴിച്ചു കൊടുത്തിരിക്കുന്നു .മരുമക്കളില്‍ ഒരാള്‍ക്ക് കച്ചവടം മറ്റെയാള്‍ ഗള്‍ഫില്‍ . ശ്രീദേവി അമ്മ എഴുപത്തി അഞ്ചാം വയസ്സില്‍ മരിച്ചു. അശോകന്‍ കുടിച്ചു നഷ്ടപെടുതിയത് ഓര്‍ത്തു ദുഃഖിക്കുന്നു . കുടി പൂര്‍ണമായും നിറുത്തി!
തിരിച്ചു വരുമ്പോള്‍ അശോകേട്ടനെ ഇറക്കാന്‍ ഞാന്‍ ബൈക്ക് അവരുടെ വീടിനുമുമ്പില്‍ നിര്‍ത്തി . അടുത്ത് പെയിന്റടിച്ച ഗേറ്റ്നു പിന്നില്‍ ഒരു മദ്ധ്യ വയസ്ക കാത്തു നിന്നിരുന്നു ! മുടി പാതിയും നിരച്ച മെല്ലിച്ച ഒരു സ്ത്രീ . വിരുന്നു വന്ന മകള്‍ക്ക് കൊടുക്കാന്‍ വിശേഷപെട്ട മീന്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാന്‍ പോയ അശോകേട്ടനെ കാത്തു , രാധിക !! പഴയ ആ രാജകുമാരി !
ഞാന്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി . കാര്‍മേഘങ്ങള്‍ മാഞ്ഞു അവരുടെ മുഗത്ത് പഴയ സന്തോഷം തിരിച്ചു വന്നിട്ടുണ്ടോ എന്നറിയാന്‍ ! കണ്ടത് , ജീവിത പരിചയത്തിന്റെ വടുക്കള്‍ , പക്വതയുടെ ചുളിവുകള്‍ , ആത്മവിശ്വാസന്തിന്റെ തിളക്കം !!
എനിക്ക് തോനുന്നത്....എല്ലാവരുടെയും ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ് എന്നാണ് .... ഇ സി ജി ഗ്രാഫിലെ കയറ്റ ഇറക്കങ്ങള്‍ പോലെ !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
" if you and me agree on everything, one of us is not required "!!!!