2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

ഒരു നുള്ള് ഉപ്പ് !

ആർമേനിയ എത്തിയതിന്റെ അടുത്ത ദിവസം രാവിലെ ചില ശബ്ദം കേട്ട് ഞാൻ ഉണർന്നപ്പോൾഎന്റെ സുഹൃത്ത്ക്കൾ രണ്ടു പേരും നേരത്തെ എഴുന്നേറ്റ് പ്രഭാത സവാരിക്ക് പോകാൻ തയ്യാറാവുകയായിരുന്നു .ഞാൻ വരുന്നില്ല എന്ന് പറഞ്ഞു. എന്നെ മടിയൻ ,കിടന്ന് പോത്ത് പോലെ കൂർക്കം വലിച്ച് ഉറങ്ങിക്കോളും എന്നൊക്കെ അധിക്ഷേപിച്ച് അവർ വിജനമായ തെരുവിലേക്ക് ഇറങ്ങി നടന്നു പോയി. 

എന്റെ ഉറക്കം കളഞ്ഞവൻമാരെ പ്രാകി ഞാൻ ജനാലകൾ തുറന്നിട്ടു ! തെരുവിന്റെ അറ്റത്തൂടെ രണ്ട് പേർ മത്സരിച്ച് നടന്ന് പോകുന്നത് കാണാം  ! ഞായറാഴ്ച ആയതു കൊണ്ടാവണം തെരുവ് നിർജ്ജീവമാണ്! കുറച്ച് നേരം പുറത്തേക്ക് നോക്കിയിരുന്നപ്പോൾ എനിക്ക് മടുത്തു. ഞാൻ ടോയിലറ്റിൽ ഒക്കെ  പോയി വന്നപ്പോൾ ഒരു ഐഡിയ !ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിയാലോ ? ഞങ്ങൾ ഒരു ഹോസ്റ്റലിൽ ആണ് താമസിച്ചിരുന്നത് .ഞങ്ങളുടെ മുറിക്കടുത്ത് തന്നെ ഒരു ചെറിയ " കഫ്റ്റീരിയ " ഉണ്ട്. സ്വന്തമായി ഉണ്ടാക്കി കഴിക്കാം. തലേ ദിവസം രാത്രി ഞങ്ങൾ മുട്ടയും ബ്രെഡും പഴങ്ങളും ഒക്കെ വാങ്ങിയിരുന്നു.നേരത്തെ ആയത് കൊണ്ട് ആരും എഴുന്നേറ്റിട്ടും ഇല്ല.


പക്ഷെ ഞാൻ നോക്കുമ്പോൾ സ്റ്റൗ ഓ കെറ്റി ലോ ഒന്നും കാണാനില്ല. ഞാൻ അവ തപ്പുന്ന ശബ്ദം കേട്ട് ഹോസ്റ്റൽ ഉടമ  എഴുന്നേറ്റ് വന്നു .രണ്ടും എടുത്ത് തന്നു.ഞാൻ മുട്ടകൾ കുറച്ച് വെള്ളത്തിൽ ഇട്ട് തിളക്കാൻ വച്ചു.

ഈ സമയം മധ്യവയസ്കയായ, സ്വിസ് അർലന്റ് കാരിയായ ഹോസ്റ്റലിന്റെ ഉടമ ഒരു ടേബിളിനടുത്ത് ഇരുന്ന് എന്നോട് ഇന്ത്യയെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഹോളിയേ കുറിച്ചും, ഇന്ത്യക്കാർ തെരുവിൽ നൃത്തം ചെയ്യുമോ ,ഷാരൂഖ് ഖാനെ ഇഷ്ടം ആണ്. ഹിന്ദി സീരിയലുകൾ ധാരാളം കാണാറുണ്ട്! എന്തുകൊണ്ടാണ് ഇന്ത്യക്കാർ സാരി ഉടുത്ത് ഉറങ്ങാൻ പോകുന്നത് ? ഇതൊക്കെ ആയിരുന്നു സംശയങ്ങൾ ! എന്റെ വിക്ഞാന പരിതിയിൽ ഉള്ള കാര്യങ്ങൾ ആയത് കൊണ്ട്. എല്ലാറ്റിനും മറുപടി കൊടുത്തു.  സാരി ഉടുത്ത് ഉറങ്ങുന്ന കാര്യം സത്യം പറഞ്ഞാൽ ഞാനും അപ്പോളാണ് ചിന്തിച്ചത്! ഈ സീരിയലുകൾ ഉണ്ടാക്കുന്ന ഓരോ പ്രശനങ്ങൾ നോക്കൂ!



ഈ സമയത്ത് വെള്ളം തിളച്ചു. ഞാൻ അവരോട് കുറച്ച് ഉപ്പ് വേണം എന്ന് പറഞ്ഞു. ഞാൻ മുട്ട വേവിക്കുന്ന വെള്ളത്തിലേക്ക് ഉപ്പ് ചേർക്കുന്നത് കണ്ട് അവർ ചോദിച്ചു.
ഇതെ ന്തിനാണ്?
ഞാൻ പറഞ്ഞു
തോട് ഈസി ആയി പൊളിക്കാം!
അവർക്ക് അത്ഭുതം ആയി.
അതിന് തണുത്ത വെള്ളത്തിൽ ഇട്ടാൽ പോരെ?
ഞാൻ പറഞ്ഞു
ഉപ്പിട്ടാൽ കുറച്ച് കൂടി ഈ സി ആയിരിക്കും.

അവർ ഒരു മുട്ട തോൽകളഞ് നോക്കി ,ആശ്ചര്യപ്പെട്ടു! 

ഈ സമയം ഒരു സ്പെയിൻ കാരി എഴുന്നേറ്റ് വന്ന് ഞങ്ങളുടെ സംസാരത്തിൽ ചേർന്നു.അവർ ഇന്ത്യയിൽ വന്നിട്ടുണ്ട് .ഇന്ത്യയിൽ എല്ലായിടത്തും പോയിട്ടുണ്ട് .


കുറച്ച് കഴിഞ്ഞപ്പോൾ ക്ലീൻ ചെയ്യാനുണ്ട് .പിന്നീട് കാണാം എന്ന് പറഞ്ഞ് ഹോസ്റ്റൽ ഓണർ എഴുന്നേറ്റ് പോയി. സ്പെയിൻ കാരി ഇന്ത്യയെ കുറിച്ച് വാചാലയായി. രാജസ്ഥാനെ കുറിച്ചും മണിപ്പുരിനെ കുറിച്ചും ഒക്കെ.കുറച്ച് സമയം  കഴിഞ്ഞപ്പോൾ അവരുടെ ബോയ് ഫ്രണ്ട് പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്ത് എന്നോട് ഹായ് പറഞ്ഞ് പോയി.തലേന്ന് ഞങ്ങൾ പരിചയപ്പെട്ടിരുന്നു. എന്തായാലും ഉമ്മ കൊടുത്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല !


ഞങ്ങളുടെ ചർച്ച മുറുകിയപ്പോൾ മൂന്ന് ചൈനക്കാരു (രണ്ട് പെൺകുട്ടികളും ഒരു ആണും) ചേർന്നു. സംസാര മദ്ധ്യേ ചൈനക്കാരന്‍ ചിരിച്ചു കൊണ്ട്  പറഞ്ഞു .

 " ഇന്ത്യയും ചൈനയും തമ്മില്‍ ചില പ്രശ്നങ്ങള്‍ നടക്കുന്നുണ്ട് . ചൈനയിലെ മീഡിയ പറയുന്നത് ഇന്ത്യയുടെ അഗ്ഗ്രെഷന്‍ ആണെന്നാണ്‌ "

ഞാന്‍ പറഞ്ഞു "  ഇന്ത്യന്‍ മീഡിയ പറയുന്നത് ചൈനയുടെ അഗ്ഗ്രെഷന്‍ ആണെന്നാണ്‌ "

അയാള്‍ ചിരിച്ചു കൊണ്ട് കൈ നീട്ടി ഷേക്ക്‌ ഹാന്‍ഡ്‌ തന്നു !

അപ്പോളേക്കും എന്റെ സുഹൃത്തുക്കള്‍ തിരിച്ചെത്തി.ഞങ്ങൾ ഒന്നിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.

നല്ല അനുഭവങ്ങളായിരുന്നു അവരോടൊക്കെ സംസാരിച്ചത് .പക്ഷെ എന്റെ വിഷമം അതല്ല. ഇനി ഒരു അമ്പതോ നൂറ് കൊല്ലമോ കഴിയുമ്പോൾ എല്ലാ ആർമേനിയൻ വീടുകളിലും മുട്ട പുഴുങ്ങുമ്പോൾ ഉപ്പിടൽ വിദ്യ സാധാരണമാകും.ഇന്ത്യയിലെ കേരളത്തിൽ നിന്ന് AD 2017ൽ ആർമേനിയ സന്ദർശിച്ച ഒരു ബാക്ക് പാക്കർ ആണ് ഈ വിദ്യ ആർമേനിയയിലേക്ക് കൊണ്ട് വന്നത് എന്ന് അന്ന് ആരെങ്കിലും ഓർക്കുമോ ? ഒരു തെളിവായി ഈ  ബ്ലോഗില്‍ എങ്കിലും  കിടക്കട്ടെ